'ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കും- സിപിഎമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നതേയൂള്ളൂ'- പരിഹാസവുമായി ടി.സിദ്ദിഖ്
ഇൻഡിഗോ എയർലൈൻസിൻറെ ബസ് ട്രാൻസ്‌പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു
ഇൻഡിഗോ എയർ ലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി. സിദ്ദിഖ്. ' കണ്ണൂരിലെ സിപിഎമ്മിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നേയുള്ളൂ.., ആദ്യം ബസ് പിടിച്ചു, പിന്നാലെ എയറിൽ നിന്ന് വിമാനവും പിടിക്കും'- എന്നായിരുന്നു സിദ്ദിഖിന്റെ പരിഹാസം.
ഇൻഡിഗോ എയർലൈൻസിൻറെ ബസ് ട്രാൻസ്‌പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുണ്ടെന്നാണ് ട്രാൻസ്‌പോർട്ട് വിഭാഗം അറിയിച്ചത്.
ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു.
ഫറോക്ക് ജോയിൻറ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവരെ തള്ളിയിട്ടതിന് മുൻ മന്ത്രി ഇ.പി ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാവിലക്ക് നൽകിയിരുന്നു. അതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങൾ ജയരാജൻ ബഹിഷ്‌കരിച്ചിരുന്നു.