ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ കടത്തുന്നതിനെതിരെ നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്

മാനസിക രോഗത്തിനുള്ള മരുന്നുകൾ 15 ദിവസത്തേക്ക് നൽകിയാൽ മതിയെന്നാണ് നിർദേശം

Update: 2023-02-15 10:15 GMT
Advertising

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ കടത്തുന്നതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടപടി തുടങ്ങി . മാനസിക രോഗത്തിനുള്ള മരുന്നുകൾ 15 ദിവസത്തേക്ക് നൽകിയാൽ മതിയെന്നാണ് നിർദേശം. മെഡിക്കൽ കോളേജ് സൂപ്രണ്ട് മാനസികാരോഗ്യവിഭാഗം തലവനും പ്രിൻസിപ്പലിനും കത്തയച്ചു.

മാനസിക രോഗികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ നിയമവേധയമായി നല്‍കേണ്ട മരുന്നുകളാണ് സര്‍ക്കാര്‍ ഫാര്‍മസികള്‍ വഴി നിയന്ത്രണമില്ലാതെ ഇടനിലക്കാര്‍ വാങ്ങിക്കൂട്ടുന്നത്. ഡോക്ടര്‍മാരും ഫാര്‍മസി ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് പിന്നില്‍. രണ്ടാഴ്ചത്തേയ്ക്ക് മാത്രം നല്‍കാവുന്ന മരുന്നുകള്‍ ആറുമാസത്തേയ്ക്ക് ഒരുമിച്ച് കുറിപ്പടി എഴുതി സീല്‍ വച്ചാണ് ഇടനിലക്കാര്‍ക്ക് നല്‍കുന്നത്. രോഗികളുടെ ഒ.പി ടിക്കറ്റുകള്‍ ഒ.പി കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്യാതെ മരുന്നുവാങ്ങുന്നത് വ്യാപകമായതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മരുന്നു കടത്ത് പുറത്തായത്.മെഡിക്കൽ കോളേജ് സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ . ഇതോടെ ഇത്തരം മരുന്നുകള്‍ നീണ്ട കാലയളവിലേക്ക് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമവിരുദ്ധമായി മരുന്നു വിതരണം ചെയ്യുന്നത് തടയണമെന്ന് ആശുപത്രി സൂപ്രണ്ട് മാനസിക വിഭാഗം മേധാവിക്കും സ്റ്റോര്‍ സൂപ്രണ്ടിനും നിര്‍ദ്ദേശം നല്‍കി. അതേസമയം, അനധികൃത മരുന്നു വില്‍പ്പന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ മയക്കുമരുന്നായി ഉപയോഗിക്കാനിടയുണ്ട്. ഇത് വലിയ അളവില്‍ പുറത്തേയ്ക്ക് പോയാല്‍ സാമൂഹ്യഭീഷണിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് തന്നെ നൽകുന്നുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News