താനൂർ കസ്റ്റഡി കൊലപാതകം; മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം
എസ്.പിക്കെതിരായ ആരോപണം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി
തിരുവനന്തപുരം: താനൂർ കസ്റ്റഡി കൊലപാതകത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം. എസ്.പിക്ക് കീഴിലുള്ള ക്രിമിനൽ സംഘമാണ് എല്ലാം ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എസ്.പിക്കെതിരായ ആരോപണം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ക്രിമിനൽ വത്കരിക്കപ്പെട്ട പൊലീസാണ് കേരളത്തിലേതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ പറഞ്ഞു. മലപ്പുറം എസ്.പിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. എസ് പിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ് ഇത് ചെയ്യുന്നത്. ക്രൂരതകൾക്ക് സപ്പോർട്ട് ചെയ്യുന്നത് എസ്.പി. ക്രൂരമായ കൊലപാതകത്തിൽ കൊലപ്പെട്ടവനോട് സഹാനൂഭൂതി ഉണ്ടെങ്കിൽ എസ്.പിക്കെതിരെ നടപടി എടുക്കണംമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എസ്.പിക്കെതിരായ ആരോപണങ്ങൾ സർക്കാർ പരിശോധിക്കും. സി.ബി.ഐ പരിശോധിക്കേണ്ടത് അവരും പരിശോധിക്കും. ഉചിതമായ നിലപാട് എടുക്കും. മുഖ്യമന്ത്രി പ്രതികരിച്ചു. താനൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പ്രതിപക്ഷനേതാവ് പരിഹസിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ കൗണ്ടിംങ് മെഷീൻ വാങ്ങണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. അടിയന്തരപ്രമേയത്തിന് അവതരാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി