140 കിലോമീറ്ററിലേറെ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ്

ജനങ്ങളുടെ യാത്രാ ക്ലേശം കണക്കിലെടുത്താണ് തീരുമാനം.

Update: 2022-10-31 13:02 GMT
Advertising

തിരുവനന്തപുരം: 140 കിലോമീറ്ററിൽ അധികം ഓടുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകാൻ സര്‍ക്കാര്‍ ഉത്തരവ്. നാല് മാസത്തേക്കാണ് പെർമിറ്റ്.

ജനങ്ങളുടെ യാത്രാ ക്ലേശം കണക്കിലെടുത്താണ് തീരുമാനം. കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായി കോടതിവിധി വന്നതോടെയാണ് സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്തിയിരുന്ന 500ഓളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദായത്.

140 കിലോമീറ്ററിലധികം വരുന്ന പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോര്‍പ്പറേഷന് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. സ്വാകാര്യ ബസുകള്‍ക്ക് പെട്ടെന്ന് പെര്‍മിറ്റ് റദ്ദായതോടെ ജനം വലഞ്ഞു.

ഇടുക്കി, വയനാട് പോലുള്ള ജില്ലകളെയാണ് ഇത് വ്യാപകമായി ബാധിച്ചത്. ജനപ്രതിനിധികളുടെ നിരന്തര പരാതി പരിഗണിച്ചാണ് ഇപ്പോൾ നാലു മാസത്തേക്ക് കൂടി താത്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ ഉത്തരവായത്.

അതേസമയം, പഴയ പോലെ പെര്‍മിറ്റ് അനുവദിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പുതുക്കി നല്‍കിയിരുന്ന പെര്‍മിറ്റുകളായിരുന്നു ഇവ. നാലു മാസം കഴിയുമ്പോൾ സമാന പ്രശ്നം വീണ്ടും ഉയരുമെന്നാണ് ബസുടമകള്‍ പറയുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News