രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു; കേരളത്തിന് നേരിയ ആശ്വാസം
നിയന്ത്രണങ്ങളുടെ ഗുണം വരും ദിവസങ്ങളില്‍ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി കുറഞ്ഞു
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ ആശ്വാസത്തിന് വക നല്‍കുന്നതാണ് ഇന്നലത്തെ കോവിഡ് കണക്ക്. 30 ശതമാനത്തിന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലെത്തി. അഞ്ച് ദിവസത്തിനിടെ ആദ്യമായി പ്രതിദിന കേസുകള്‍ 30,000ന് താഴെയെത്തി. 4,40,652 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 3686 പേര്‍ ഐസിയുവിലാണ്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടായെന്നതും ആശ്വാസമാണ്. 34,296 പേരാണ് രോഗമുക്തരായത്. 89 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്കിലും നേരിയ കുറവുണ്ടായി. .
കോവിഡ് ഗ്രാഫ് താഴേക്കെന്ന വിലയിരുത്തലാണ് ആരോഗ്യ വിദഗ്ധര്‍ക്കുള്ളത്. നിയന്ത്രണങ്ങളുടെ ഗുണഫലവും വരും ദിവസങ്ങളില്‍ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുന്നതോടെ സ്ഥിതി നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.
മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1951 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4277, എറണാകുളം 3100, പാലക്കാട് 1694, തൃശൂര്‍ 3041, തിരുവനന്തപുരം 2640, കൊല്ലം 2403, കോഴിക്കോട് 2345, കോട്ടയം 1751, ആലപ്പുഴ 1758, കണ്ണൂര്‍ 1566, ഇടുക്കി 1005, പത്തനംതിട്ട 756, വയനാട് 573, കാസര്‍ഗോഡ് 542 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,43,876 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,06,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,117 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3640 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.