സംസ്ഥാനത്തെ മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്
അത്തരം ശക്തികൾക്ക് കീഴടങ്ങരുത്. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസ്സുകളെ അകറ്റുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. അത്തരം ശക്തികൾക്ക് കീഴടങ്ങരുത്. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസ്സുകളെ അകറ്റുന്നു. എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ചു മാതൃകയാകണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു താമരശേരി ബിഷപ്പിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്.