ഒരു കുടുംബത്തിൽനിന്ന് മരിച്ചത് 12 പേർ; ഒമ്പത് ആളുകളും ഒരു വീട്ടിൽനിന്ന്
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്.
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ചത് 12 പേർ. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബാംഗങ്ങളാണ് മരിച്ചത്. ഒമ്പതുപേർ ഒരു വീട്ടിലും മൂന്നുപേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചത്.
പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിയോടെ താനൂരിലെത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.