താനൂർ കസ്റ്റഡി മരണം; പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം
90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കൊച്ചി: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണത്തിൽ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 2023 ആഗസ്റ്റ് ഒന്നാം തീയതി പുലർച്ചെയാണ് മമ്പുറം സ്വദേശിയായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട താമിറിനെ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു ആരോപണം.
താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുമ്പും രണ്ട് മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.