ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം; തർക്കം ക്ഷേത്ര ഭരണ സമിതി ഇന്ന് ചർച്ച ചെയ്യും
എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്
ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം ചെയ്തപ്പോഴുണ്ടായ തർക്കം ക്ഷേത്ര ഭരണ സമിതി ഇന്ന് ചർച്ച ചെയ്യും. എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. ലേലം പൂർത്തിയായ ശേഷം കൂടുതൽ തുക വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് നിലപാടെടുക്കുകയായിരുന്നു . അമൽ മാത്രമായിരുന്നു ലേലത്തിൽ പങ്കെടുത്തത്. അടിസ്ഥാന വിലയായ 15 ലക്ഷത്തിൽ നിന്ന് പതിനായിരം രൂപ കൂട്ടി ലേലം ഉറപ്പിക്കുകയായിരുന്നു. ലേല നടപടി അംഗീകരിക്കുമോ എന്നതിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ അമലിന്‍റെ പ്രതിനിധിയെ അറിയിച്ചു. ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമല്‍ മുഹമ്മദ് അലി.
ഡിസംബര്‍ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായായി നല്‍കിയത്. ഇന്ത്യയിലെ വാഹന വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് നിര്‍മാതാക്കള്‍ ഗുരുവായൂരപ്പന് കാണിക്കായി സമര്‍പ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നല്‍കിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഒരുക്കിയിരുന്നതെന്നാണ് വിവരം.