'ഇവിടെ മൊത്തം ജിഹാദികളാ, തട്ടമിട്ട പെണ്ണുങ്ങളാ എന്നാ ആ സാറ് പറഞ്ഞത്'
വിദ്യാർഥികൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ മാനേജ്‌മെന്റിനും അധ്യാപകർക്കുമെതിരെ ഗുരതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ. സമരം ചെയ്യുന്ന വിദ്യാർഥികളെല്ലാം തട്ടിമിട്ട ജിഹാദികളാണെന്ന് അധ്യാപകർ പറഞ്ഞതായി വിദ്യാർഥികൾ അരോപിച്ചു. 'ഇവിടെ ഒരു പാർട്ടിക്കാരുമില്ല. അധ്യാപകരെ ബഹുമാനിച്ച് മാത്രമേ ഞങ്ങളിവിടെ നിന്നിട്ടുള്ളൂ. എന്തിനാണ് പിള്ളാരുടെ ദേഹത്ത് കൈ വെക്കുന്നേ. ഞങ്ങളല്ല പ്രകോപനമുണ്ടാക്കിയത്. മാന്യമായി സംസാരിക്കാനാ ഞങ്ങൾ നോക്കിയത്. അവിടെ കുറച്ച് വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുന്നത് കണ്ടപ്പോള്‍ ഇവിടെ മൊത്തം ജിഹാദികളാണ്. തട്ടമിട്ട കുട്ടികളാ മൊത്തം എന്നാ ആ സാറ് പറഞ്ഞത്. ഇവിടെ ഒരെറ്റ മീഡിയക്കാരും വരാൻ പോകുന്നില്ലെന്നാ മാനേജർ അച്ചൻ പറഞ്ഞത്'. വിദ്യാർഥികൾ പറഞ്ഞു.
അതേസമയം വിദ്യാർഥികൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണം, പുതുതായി വിദ്യാർഥി കൗൺസിൽ രൂപീകരിച്ച് വിദ്യാർഥികളുടെ കാര്യങ്ങൾ പറയാൻ അവസരമൊരുക്കണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
ഇത് രണ്ടും മാനേജ്മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. തുടർന്ന് പുറത്തേക്കു വന്ന വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് ഇടപെടുകയും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. 'പൊലീസ് ഗോ ബാക്ക്' മുദ്രാവാക്യം വിളികളോടെയായിരുന്നു വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചത്.
തുടർന്ന് അധ്യാപകരുമായും വാക്കേറ്റമുണ്ടായി. ഹോസ്റ്റൽ ഒഴിഞ്ഞുപോവണം എന്ന ആവശ്യം തള്ളിയ വിദ്യാർഥികൾ, സമരം തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. അതേസമയം, സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സാങ്കേതിക സർവകലാശാല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി.
എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം ശക്തമാവുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.
കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.