ആലപ്പുഴയിൽ കാർ കത്തി മരിച്ചത് കാറുടമ ജെയിംസ് കുട്ടി; കയ്യിലെ സ്റ്റീൽ റാഡും ഹൃദ്രോഗ ഉപകരണങ്ങളും തിരിച്ചറിഞ്ഞു
കാറിൽ സ്വർണവും ആധാരമടക്കമുള്ള രേഖകളുമുണ്ടായിരുന്നതായി സംശയമുണ്ട്
ആലപ്പുഴ: ആലപ്പുഴയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് എടത്വ സ്വദേശി കാറുടമയായ എടത്വ സ്വദേശി ജെയിംസ് കുട്ടിയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. കയ്യിലെ സ്റ്റീൽ റാഡും ഹൃദ്രോഗ ഉപകരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് കാറിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജെയിംസ്‌കുട്ടിയുടേത് തന്നെയാണെന്ന് രാവിലെ തന്നെ പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ജെയിംസ്‌കുട്ടി കാറിനുള്ളിൽ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി കുടുംബവഴക്കിനെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. കാറിൽ സ്വർണവും ആധാരമടക്കമുള്ള രേഖകളുമുണ്ടായിരുന്നതായി സംശയമുണ്ട്.
നിലവിൽ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ജെയിംസ്‌കുട്ടിയുടേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ഇത് പൂർണമായും സ്ഥിരീകരിക്കാനാകൂ.
പുലർച്ചെ 3.30ഓടെയാണ് തായങ്കരി ബോട്ട് ജെട്ടി റോഡിൽ കാർ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഉടൻ തന്നെ ഇവർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചതിന് ശേഷമാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.