പൂർണമായും അനീതി നിറഞ്ഞതാണ് എൻ.ഐ.ടി അധികൃതരുടെ നടപടി- വൈശാഖ് പ്രേംകുമാർ
‘ഈ കാമ്പസിൽ നടക്കാൻ പാടില്ലാത്ത ഒരു പരിപാടി നടന്നു അതിനെതിരെയാണ് പ്രതിഷേധിച്ചത്’
കാവി ഇന്ത്യക്കെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത എൻ.ഐ.ടി അധികൃതരുടെ നടപടി പൂർണമായും അനീതി നിറഞ്ഞതാണെന്ന് വൈശാഖ് പ്രേംകുമാർ.യാതൊരു നടപടിക്രമവും പാലിക്കാതെയാണ് സസ്പെൻഡ് ചെയ്തത്.
അഡ്മിനിസ്ട്രേഷൻ ഭാഗത്ത് നിന്നുണ്ടായ മിസ്റ്റേക്കാണിതെന്നും അവരത് തിരുത്തുമെന്നാണ് കരുതുന്നതെന്നും വൈശാഖ് പറഞ്ഞു. ഈ കാമ്പസിൽ നടക്കാൻ പാടില്ലാത്ത ഒരു പരിപാടി നടന്നു.അതിനെതിരെ ഞാൻ പ്രതിഷേധിച്ചതുകൊണ്ടാണ് എനിക്കെതിരെ നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിവസം കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെയാണ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 'ഇത് രാമന്റെ ഇന്ത്യയല്ല, മതേതര ഇന്ത്യയാണ്' എന്ന പ്ലെക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് വൈശാഖ് പ്രേംകുമാറിനെ സസ്‌പെൻഡ് ചെയ്തത്.
വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് എൻ.ഐ.ടിയിലേക്ക് കെ.എസ്.യു, ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.