'സിദ്ദിഖിനെതിരായ ആരോപണം ​ഗൗരവമുള്ളത്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യം': ഹൈക്കോടതി

പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി

Update: 2024-09-24 13:08 GMT
Advertising

എറണാകുളം: നടൻ സി​ദ്ദിഖിനെതിരായ പരാതിക്കാരിയുടെ ആരോപണം ​ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ജാമ്യം അനുവദിക്കണമെന്നുമടക്കമുള്ള സിദ്ദിഖിന്റെ വാദം നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. കോടതി ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സിദ്ദിഖിൻ്റെ വാദങ്ങൾക്ക് രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി. 'പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണ്. ലൈംഗിക അതിക്രമത്തിനിരയായി എന്നത് തുറന്നു പറയുന്നവരെ ഇകഴ്ത്തുന്നത് ശരിയല്ല. പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. ഇത്തരം വാദങ്ങൾ പരാതിക്കാരിയെ നിശബ്ദമാക്കാനുള്ള നീക്കമാണെ'ന്നും ഹൈക്കോടതി പറഞ്ഞു.

'സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളതാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്, വൈ​ദ്യപരിശോധനയും നടത്തേണ്ടതുണ്ട്. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെ'ന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതും കോടതി ചൂണ്ടിക്കാട്ടി.അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും കോടതി വിമർശിച്ചു.

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകിയിരുന്നു. സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. എറണാകുളത്തെ ഇരു വീടുകളിലും സിദ്ദിഖില്ല.

അതേസമയം, സിദ്ദിഖിന്റെ കേസന്വേഷിക്കുന്ന സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പുറപ്പെട്ടത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. സിദ്ദിഖ് കൊച്ചിയിൽത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് നീക്കം.

മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News