ചോരക്കുഞ്ഞിന്റെ ചോരക്കറ മായാതെ...
കൊച്ചിയിൽ കുഞ്ഞിന്റെ ഇളംരക്തം തളം കെട്ടിയത് കഴുകിക്കളയാന്‍ പൊലീസും മറ്റു ഉത്തരവാദിത്തപ്പെട്ടവരും മറന്ന് പോയതാണോ?
കൊച്ചി പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് കേരളം. ജന്മം നല്‍കിയ അമ്മ കുഞ്ഞിന്റെ ജീവനെടുത്ത ശേഷം വലിച്ചെറിഞ്ഞതാണ് ആ കുഞ്ഞുശരീരത്തെ.
കാരണങ്ങള്‍ പലതാകാം. പക്ഷേ, ഒരു ന്യായീകരണത്തിനും ഈ ഹീനകൃത്യത്തെ മറപിടിക്കാനാകില്ല.
അമ്മയ്ക്കുള്ള ശിക്ഷ നീതിന്യായ കോടതി വിധിക്കട്ടെ. പക്ഷേ, കുഞ്ഞിന്റെ മൃതദേഹം കിടന്ന റോഡില്‍ ഇപ്പോഴും ആ ചോരക്കറ മായാതെ കിടപ്പുണ്ട്.
അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പുറമെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിനടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നല്ല കാര്യം. എന്നാല്‍, ആ കുഞ്ഞിന്റെ ഇളംരക്തം തളം കെട്ടിയത് കഴുകിക്കളയാന്‍ എന്തേ പൊലീസും മറ്റു ഉത്തരവാദിത്തപ്പെട്ട ആളുകളും മറന്ന് പോയതാണോ?
സംഭവം നടന്ന് രണ്ട് ദിവസം പിന്നിടിമ്പോഴും പനമ്പിള്ളി നഗറിലെ ആ ഫ്ലാറ്റിന് മുന്നിലെ റോഡില്‍ ചോരക്കറയുണ്ട്. കൊലപാതക വിവരം അറിഞ്ഞവരെല്ലാം നെടുവീര്‍പ്പോടെ ആ രക്തക്കറയിലേക്ക് എത്തിനോക്കിയല്ലാതെ കടന്നുപോകുന്നില്ല.
അറിയാത്തവര്‍ പലരും ആ കുഞ്ഞിന്റെ രക്തക്കറയില്‍ ചവിട്ടി മുന്നോട്ട് നീങ്ങുന്നു. ഇടതടവില്ലാതെ വാഹനങ്ങള്‍ കയറിയിറങ്ങുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് എത്രയും വേഗത്തില്‍ പൊലീസോ മറ്റു അധികൃതരോ ആ രക്തം കഴുകിക്കളയേണ്ടതായിരുന്നു. വലിയ അനാസ്ഥയല്ലേ ഇത്....?