മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി ബുധനാഴ്ച ഹാജരാകും
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
കോഴിക്കോട്: മീഡിയവൺ സ്പെഷൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിനോട് അപമര്യാദയായി പെരുമാറിയ കേസിൽ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ്ഗോപി പൊലീസിനെ അറിയിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.