ചികിത്സയിലിരുന്ന 12 വയസുകാരി മരിച്ചു; കളമശേരി ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ട് വയസുകാരി ലിബിനയാണ് മരണത്തിന് കീഴടങ്ങിയത്

Update: 2023-10-30 00:52 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന യോഗത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയാണ് മരിച്ചത്. സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സന്ദർശിക്കും.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ട് വയസുകാരി ലിബിനയാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പൊള്ളലേറ്റ് ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

സംഭവ സ്ഥലത്ത് വെച്ച് വെന്ത് മരിച്ച സ്ത്രീയെ ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസാണ് മരിച്ചത്. ലിയോണയുടെ മകൻ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം വിട്ടുനൽകും.

അതിനിടെ സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും.  ഇയാളുടെ മൊഴി പൂർണമായും അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഫോടനം നടത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പ്രത്യേക സംഘം പരിശോധിക്കുന്നത്. സംഭവം നടന്ന സാംറ കൺവെൻഷൻ സെൻ്ററിൽ എൻ.ഐ.എ , എൻ.എസ്.ജി സംഘം ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തിയിരുന്നു.

ഇവിടെ നിന്നും ശേഖരിച്ച ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംഭവ സ്ഥലം സന്ദർശിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News