സി.ഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ട സംഭവം; പൊലീസിന്‍റെ വീഴ്ച അന്വേഷിക്കും
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സി.ഐ ജി.പി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്
കൊച്ചി: കടവന്ത്ര സി.ഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ട സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച അന്വേഷിക്കും. തോപ്പുംപടി പൊലീസ് കേസെടുക്കാൻ വൈകിയതിലാണ് അന്വേഷണം. സംഭവം നടന്ന് നാല് ദിവസത്തിനു ശേഷമാണ് പൊലീസ് കേസെടുത്തത്. ഈ നടപടി വിവാദമായിരുന്നു.
സംഭവത്തിൽ കടവന്ത്ര സിഐക്കെതിരെ തോപ്പുംപടി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെ ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സി.ഐ ജി.പി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്.
ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. സി.ഐയും വനിതാ സുഹൃത്തുമാണ് കാറിനുളളിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വിമൽ ജോളിക്ക് കൈക്കും വയറിനും പരിക്കേറ്റിരുന്നു.
സംഭവത്തിൽ കേസെടുക്കാത്തത് വിവാദമായതോടെയാണ് തോപ്പുംപടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.സംഭവ സമയത്ത് സിഐ മദ്യപിച്ചിരുന്നുവെന്നും പരാതിയുണ്ട്.