ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി
മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്.
നടിയെ ആക്രമിച്ചകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക മൊഴി പരിശോധിച്ച ശേഷം തയ്യാറാക്കും.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 11 മണിക്കൂറാണ് ദിലീപിനെ ഇന്ന് ചോദ്യംചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യംചെയ്യലെങ്കിലും നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകും.
ചോദ്യംചെയ്യൽ പൂർത്തിയാക്കി വരുന്ന ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ടത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്ന് ദിവസം അന്വേഷണ സംഘത്തിനും ദിലീപിനും നിർണായകമാണ്.