പ്രധാനമന്ത്രിയുടെ ഫ്ലക്സ് മാറ്റിയത് സുരക്ഷാഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമെന്ന് മേയർ
കോർപ്പറേഷൻ അധികൃതർ ബോർഡുകൾ നീക്കിയതോടെ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തിയിരുന്നു
തൃശൂർ: സുരക്ഷാഉദ്യോഗസ്ഥരും പോലീസ് കമ്മീഷണറും നിര്‍ദ്ദേശം നൽകിയതിനാലാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകൾ നീക്കിയതെന്ന് തൃശൂർ മേയർ. ഇതാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞതെന്നും മേയർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ബോര്‍ഡുകള്‍ മാറ്റിയത് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവാസ്തവവും കുപ്രചരണവുമാണെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ പരധിയിൽ ബോര്‍ഡ് സ്ഥാപിക്കുന്നതിന് അനുവാദം കൊടുക്കുന്നതിനും നീക്കം ചെയ്യുന്നതിനും കോര്‍പ്പറേഷനില്‍ പ്രത്യേക കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ബോര്‍ഡുകള്‍ നീക്കം ചെയ്യാറുമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളും മറ്റു ബോര്‍ഡുകളും ജനുവരി 3 വരെ നീക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഈ ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തുടർന്ന് കോർപ്പറേഷൻ ജീവനക്കാർ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.