സ്വപ്നയുടെ പുതിയ ആരോപണങ്ങളില്‍ പ്രതിരോധത്തിലായി സര്‍ക്കാരും സി.പി.എമ്മും
സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് സി.പി.എം നിലപാട്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളോടെ സർക്കാർ പ്രതിരോധത്തിൽ. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്നയുടെ രഹസ്യ മൊഴിയുള്ളത് കൊണ്ട് അന്വേഷണ ഏജൻസികളുടെ തുടർ നീക്കങ്ങളിലും സർക്കാരിന് ആശങ്കയുണ്ട്.
ഒന്നാം പിണറായി സർക്കാരിനെ വേട്ടയാടിയ സ്വർണക്കടത്ത് കേസിന്‍റെ രണ്ടാം ഘട്ടമാണ് സ്വപ്നയുടെ പുതിയ ആരോപണത്തിലൂടെ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്വപ്നയുടെ മൊഴികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സർക്കാരിന് നേരിടേണ്ടി വന്നതെങ്കിൽ ഇത്തവണ അങ്ങനെയല്ല. സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളായത് കൊണ്ട് സർക്കാർ വെട്ടിലായിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയും മുന്നണിയും മുൻ നിരയിലുണ്ട്.
പത്തോളം കേന്ദ്ര ഏജൻസികൾ ഒരു വർഷത്തോളം അന്വേഷിച്ചിട്ടും തെളിവ് ഒന്നും കിട്ടാതിരുന്ന കേസ് ഇപ്പോൾ കുത്തിപ്പൊക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം. ബി.ജെ.പിയാണ് സ്വപ്നക്ക് പിന്നിലെന്നാണ് സി.പി. എം പറയുന്നത്. വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പി.സി ജോർജിന്‍റെ പങ്കും മുഖ്യമന്ത്രിയും പാർട്ടിയും സംശയിക്കുന്നുണ്ട്. പി.സി ജോർജ് സ്വപ്നയെ കണ്ടുവെന്ന് പറയുന്ന ശബ്ദരേഖയാണ് ഇതിന് ആധാരമായി സി.പി.എം മുന്നോട്ടു വയ്ക്കുന്നത്. സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയത് കൊണ്ട് ചില അപകടങ്ങളും സി.പി.എം മണക്കുന്നുണ്ട്. കാരണം സ്വപ്ന നല്‍കിയ രഹസ്യമൊഴി അന്വേഷണസംഘത്തിന്‍റെ പക്കലെത്തിയാല്‍ അതില്‍ പറയുന്നവരുടെ മൊഴിയെടുക്കേണ്ടിവരും.
സ്വപ്നയുടെ ആരോപണത്തില്‍ ക്ലിഫ് ഹൗസുമുണ്ട്.അതുകൊണ്ട് അവിടെ വേണമെങ്കില്‍ പരിശോധനയും നടത്താം. അങ്ങനെ വല്ലതുമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ചട്ടുകമായി കേന്ദ്ര ഏജന്‍സികള്‍ മാറിയെന്ന പ്രചരണത്തിലേക്ക് എല്‍.ഡി.എഫ് കടന്നേക്കും. യു.ഡിഎഫും മുഖ്യമന്ത്രിക്കെതിരെ വരും ദിവസങ്ങള്‍ പ്രതിഷേധം ശക്തമാക്കും.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് യു.ഡി.എഫിന്‍റെ ആലോചന.