സ്വപ്‌ന സുരേഷിന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാൻ സർക്കാർ;പ്രൈസ് വാട്ടർ കൂപ്പറിന് കത്ത് നൽകി
ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല
സ്വപ്ന സുരേഷിന് സ്‌പെയ്‌സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി.
വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശിപാർശ.
ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോൾ നോട്ടീസ് നൽകിയത്.