സർക്കാരിന് മെച്ചപ്പെടാൻ കുറച്ചു കൂടി സമയം നൽകണം; മന്ത്രിമാർ ശോഭിക്കുമെന്ന് കോടിയേരി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിനെ നിയന്ത്രിച്ചയാൾ തന്നെയാണ് പൊളിറ്റക്കൽ സെക്രട്ടറിയായി ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ ഒരിക്കലും പൊലീസിന്റെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. ജയരാജൻ കുറച്ചു കൂടി ജനകീയനായതിനാൽ നിങ്ങൾക്ക് അടുപ്പം തോന്നുന്നതാണെന്നും കോടിയേരി പറഞ്ഞു.

Update: 2022-01-16 01:20 GMT
Advertising

സർക്കാരിന് മെച്ചപ്പെടാൻ കുറച്ചു സമയം കൂടി നൽകണമെന്നും മന്ത്രിമാർ ശോഭിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച കോടിയേരി ആരോഗ്യ-തദ്ദേശ വകുപ്പുകൾക്കെതിരായ വിമർശനങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ കോടിയേരി ഉറപ്പ് നൽകി.

അഞ്ചു കൊല്ലം പൂർത്തിയാക്കിയ സർക്കാരിനോടാണ് ഒമ്പതു മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്നാണ് വിമർശങ്ങൾക്ക് കോടിയേരി മറുപടി നൽകിയത്. കഴിഞ്ഞ സർക്കാരിലും മന്ത്രിമാർ ഏറക്കുറെ പുതുമുഖങ്ങൾ ആയിരുന്നു. അവർ ശോഭിച്ചത് പോലെ സമയം കൊടുത്താൽ ഈ സർക്കാരും നല്ല നിലയിൽ വരും. സർക്കാരിന് വേഗം പോരെന്ന വിമർശനങ്ങളെയും കോടിയേരി പ്രതിരോധിച്ചു. എന്നാൽ ആരോഗ്യ - തദ്ദേശ ഭരണ വകുപ്പുകൾക്ക് എതിരായ വിമർശനം കോടിയേരി തള്ളിയില്ല. വിമർശനങ്ങൾ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും, ജനകീയ പ്രശ്‌നങ്ങളിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ തടസമില്ല. എന്നാൽ മാഫിയകൾക്ക് വേണ്ടി ഒരിക്കലും ഇടപെടരുത്. കേരള സമൂഹത്തിന്റെ പരിച്ഛേദമായ പൊലീസിലും ആർ.എസ്.എസുകാർ ഉൾപ്പെടെയുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളിൽ തിരുത്തലുണ്ടാകും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിനെ നിയന്ത്രിച്ചയാൾ തന്നെയാണ് പൊളിറ്റക്കൽ സെക്രട്ടറിയായി ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ ഒരിക്കലും പൊലീസിന്റെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. ജയരാജൻ കുറച്ചു കൂടി ജനകീയനായതിനാൽ നിങ്ങൾക്ക് അടുപ്പം തോന്നുന്നതാണെന്നും കോടിയേരി പറഞ്ഞു. മെഗാ തിരുവാതിര അടക്കം ജില്ലാ നേതൃത്യത്തിന് എതിരേ ഉയർന്ന വിമർശനങ്ങൾക്ക് ആനാവൂർ നാഗപ്പൻ മറുപടി പറഞ്ഞു. പുതിയ കമ്മിറ്റിയുടേയും സംസ്ഥാന സമ്മേളന പ്രതിനിധികളുടേയും തെരഞ്ഞെടുപ്പോടെ ജില്ലാ സമ്മേളനം സമാപിക്കും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News