ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ച തീരുമാനത്തില്‍ നിന്നും സർക്കാർ പിന്‍മാറുന്നു

വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ജില്ലാ കലക്ടർമാരുടെ ജോലി ഭാരം കുറക്കാനുമാണ് ഡിഡിസിമാരുടെ നിയമനമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു

Update: 2024-02-03 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഭരണനിർവഹണം എളുപ്പമാക്കാന്‍ ആറ് ജില്ലകളില്‍ ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ച തീരുമാനത്തില്‍ നിന്നും സർക്കാർ പിന്‍മാറുന്നു. ആറ് ജില്ലകളില്‍ അഞ്ചിടത്തും ഇപ്പോള്‍ ഡിഡിസിമാരുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വികസന പദ്ധതികള്‍ക്ക് വേഗം കൂട്ടാനും ജില്ലാ കലക്ടർമാരുടെ ജോലി ഭാരം കുറക്കാനുമാണ് ഡിഡിസിമാരുടെ നിയമനമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.

കോർപറേഷനുകളുള്ള ആറ് ജില്ലകളിലാണ് 2020 ഒക്ടോബറില്‍ ജില്ലാ വികസന കമ്മീഷണർ അഥവാ ഡിഡിസിമാരായി ഐഎഎസുകാരെ നിയമിച്ചത്. വികസന പദ്ധതികളുടെ മേല്‍നോട്ടത്തിനും കലക്ടർമാരുടെ അധിക ജോലി ഭാരം പങ്കിടാനുമായിരുന്നു പുതിയ തസ്തിക സൃഷ്ടിച്ചുള്ള ഈ നിയമനം. ഡിഡിസിമാരുടെ നിയമനത്തെ തുടക്കത്തില്‍ തന്നെ സിപിഐ എതിർത്തു. എങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയി. നിയമനം നടത്തിയെങ്കിലും ഡിഡിസിമാരുടെ പ്രവർത്തന പരിധി സംബന്ധിച്ച് കൃത്യമായ വ്യവസ്ഥയുണ്ടാക്കാന്‍ സർക്കാർ തയ്യാറായില്ല.

ജില്ലാ കലക്ടർ അതത് സമയത്ത് കല്‍പിച്ചു നല്‍കുന്ന ജോലികള്‍ മാത്രമാണ് ഡിഡിസിമാരുടെ ചുമതലയായി മാറിയത്. മിക്കയിടത്തും ഈ ക്രമീകരണം ഫലപ്രദമായില്ല. ഡിഡിസിമാരുടെ തസ്തികയിലുള്ളവരെ ഘട്ടം ഘട്ടമായി മറ്റു പോസ്റ്റുകളിലേക്ക് മാറ്റുന്നതാണ് പിന്നീട് കണ്ടത്. മൂന്നര വർഷത്തിന് ശേഷം ആറില്‍ അഞ്ചു ജില്ലകളിലും ഡിഡിസിമാരുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലാ വികസന കമ്മീഷണറുള്ളത് എറണാകുളത്ത് മാത്രം.

ഭരണനിർവഹണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു തീരുമാനമാണ് ഡിഡിസിമാരുടെ നിയമനം. ആദ്യ നിയമനങ്ങള്‍ നടത്തിയതല്ലാതെ പിന്നീട് ഒരു താത്പര്യവും സർക്കാർ അതിനോട് കാണിച്ചില്ല. വികസനത്തിന്‍റെ പേരില്‍ നടത്തിയ ഒരു പരിഷ്കാരം പിന്നീട് ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News