'ഗവർണർക്കും തെറ്റുപറ്റി; കുഫോസ് വി.സി നിയമന വിവാദത്തിൽ ഹൈക്കോടതി
''സെർച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യം ഡോക്ടർ റിജു ജോണിനെ വിസിയാക്കുക മാത്രമായിരുന്നു''
എറണാകുളം: കുഫോസ് വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ഹൈക്കോടതി. സർക്കാർ ജീവനക്കാരനല്ലാത്ത ഡോക്ടർ വി.കെ രാമചന്ദ്രനെയാണ് സെർച്ച് കമ്മിറ്റി ചെയർമാനാക്കിയത്. സെർച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യം ഡോക്ടർ റിജു ജോണിനെ വിസിയാക്കുക മാത്രമായിരുന്നു. യുജിസി പ്രതിനിധി ഇല്ലാത്ത സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച ഗവർണറുടെ നടപടി തെറ്റാണെന്നും കുഫോസ് വി സി നിയമനം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലുണ്ട്.
സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. 2018 ലെ യു.ജി.സി റെഗുലേഷൻ പാലിക്കാതെയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെർച്ച് കമ്മിറ്റിയിലുള്ള അംഗങ്ങളെ നിയമിച്ചത് പോലും രാഷ്ട്രീയപരമായിട്ടാണെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ പരാമർശിക്കുന്നത്. സെർച്ച് കമ്മിറ്റിയിലുള്ള ഏഴ് അംഗങ്ങളെയും നിയമിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞുവെക്കുന്നത്.
ഡോക്ടർ റിജി ജോണിന്റെ യോഗ്യത സംബന്ധിച്ച ചില തർക്കങ്ങൾ ഹരജിക്കാർ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് പത്ത് വർഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യു.ജി.സിയുടെ പ്രതിനിധിയില്ലാത്ത സെർച്ച് കമ്മിറ്റി ശിപാർശ ചെയ്ത പേര് ഗവർണർ അംഗീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കോടതി.