എസ്.എഫ്.ഐക്കും സർക്കാറിനും തിരിച്ചടി; ഡോ. രമക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി

പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി

Update: 2024-04-09 09:51 GMT
Advertising

കൊച്ചി: കാസർകോട് ഗവ. കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. എം. രമക്കെതിരായ എല്ലാ അച്ചടക്ക നടപടിയും ഹൈക്കോടതി റദ്ദാക്കി. രമക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണത്തിൽ ബാഹ്യ ഇടപെടലും താൽപ്പര്യവുമുണ്ടായി. പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു.

പ്രിൻസിപ്പലിനെതിരായ സൈബർ ആക്രമണത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാനാകില്ല. പ്രിൻസിപ്പലിനെ ഘരാവോ ചെയ്യാനും ആക്രമിക്കാനും എസ്.എഫ്.ഐക്ക് എന്ത് അവകാശമാണുള്ളത്.

പ്രിൻസിപ്പലിനെതിരായ രണ്ടാം നടപടിയും അധികാര ദുർവിനിയോഗത്തിന്‍റെ ഭാഗമാണ്. മാർച്ച് 31ന് വിരമിക്കാനിരിക്കെയാണ് രണ്ടാം കുറ്റപത്രം നൽകിയത്. 2022ൽ അഡ്മിഷൻ സമയത്ത് കുട്ടിയൗോട് മോശമായി പെരുമാറിയെന്നായിരുന്നു രണ്ടാം അച്ചടക്ക ലംഘനമായി കണ്ടെത്തിയത്. ഈ ആക്ഷേപങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

കാസര്‍കോട് ഗവ. കോളജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. രമയെ അന്വേഷണ നടപടികളുടെ ഭാഗമായി തല്‍സ്ഥാനത്തുനിന്ന് നീക്കി മഞ്ചേശ്വരം ഗവ. കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. കാസര്‍കോട് കോളജില്‍ വിദ്യാർഥികളെ പൂട്ടിയിട്ട സംഭവത്തിന് പിന്നാലെയാണ് എം. രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. കോളജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നായിരുന്നു പരാതി.

ഇതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഇവർ ഉയർത്തി. എസ്.എഫ്.ഐക്കാരുടെ നേതൃത്വത്തിൽ കാമ്പസിൽ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News