സ്ഫോടനക്കേസ് അന്വേഷണത്തിൽ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു- എ.ഡി.ജി.പി അജിത് കുമാർ
അന്വേഷണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനം.
തിരുവനന്തപുരം: സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ. സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനമുണ്ട്. ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും അയച്ച എ.ഡി.ജി.പിയുടെ നിർദേശത്തിലാണ് പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ചത്.
പ്രോട്ടോക്കോളിൽ നിന്നുള്ള വ്യതിയാനം തെളിവുശേഖരണത്തിൽ പോലും തടസങ്ങളുണ്ടാക്കി. എ.ഡി.ജി.പി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമേ തീരുമാനം എടുക്കാവൂ. സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദ്രുതകർമ സേനയെ നിയോഗിക്കണം. ആവശ്യമെങ്കിൽ എൻ.എസ്.ജി സേവനം ആവശ്യപ്പെടണം. ഉത്തരമേഖല, ദക്ഷിണ മേഖലാ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ, എ.ടി.എസ് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്കാണ് എ.ഡി.ജി.പിയുടെ നിർദേശം.
പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്താനുമാണ് ജില്ലാ പൊലീസ് മേധാവികൾക്ക് എ.ഡി.ജി.പിയുടെ നിർദേശം. അതേസമയം, കോഴിക്കോട് നാദാപുരം മേഖലയിൽ പൊലീസും കേന്ദ്ര സേനയുടെയും പരിശോധന നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിൻ്റെയും പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെയും പശ്ചാത്തലത്തിലാണ് തെരച്ചിൽ.