ഹിജാബിന് വേണ്ടി നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും: ജി.ഐ.ഒ
'അന്തിമ തീരുമാനം വൈകുന്നത് മുസ്‌ലിം പെൺകുട്ടികളുടെ അവസരങ്ങളെ ഇനിയും ബാധിക്കും'
ഹിജാബ് വിഷയത്തിൽ നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. കർണാടക ഹിജാബ് കേസിൽ കേസ് പരിഗണിച്ച രണ്ട് ജഡ്ജിമാരും രണ്ട് വ്യത്യസ്‌ത വിധിയാണ് പുറപ്പെടുവിച്ചത്. സ്വകാര്യതക്കുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനുള്ള അവകാശം എന്നീ ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കുള്ള അവകാശം എന്ന നിലക്ക് കർണാടക ഹൈക്കോടതി ഹിജാബ് വിഷയത്തിൽ അവിഭാജ്യ മതചര്യാ പരിശോധന നടത്തേണ്ടിയിരുന്നില്ല എന്ന ജസ്റ്റിസ് സുധാൻശു ധൂലിയയുടെ പരാമർശം ഭരണഘടനാ-ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതും മുസ്‌ലിം പെൺകുട്ടികൾക്ക് പ്രതീക്ഷാവഹവുമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
'കർണാടക ഹൈക്കോടതി വിധിക്ക് അനുകൂലമായ വിധിന്യായം ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഭിന്നവിധി ആയതിനാലും വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനാലും നിർണായകമായ ഒരു വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നത് മുസ്‌ലിം പെൺകുട്ടികളുടെ അവസരങ്ങളെ ഇനിയും ബാധിക്കും എന്നത് നിരാശാജനകമാണ്. ഹിജാബ് കേസിലെ ഭിന്നവിധി ഇനിയും കർണാടകയിലെ മുസ്‌ലിം വിദ്യാർത്ഥിനികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു നിർത്തും. മുസ്‌ലിം പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നത് ജനാധിപത്യ സമൂഹം വളരെ ഗൗരവപൂർവം പരിഗണിക്കേണ്ട രാഷ്ട്രീയപ്രാധാന്യമുള്ള പ്രശ്നമാണ്. ഹിജാബ് വിഷയത്തിൽ നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ തുടരും'- ജി.ഐ.ഒ പ്രസ്താവനയിൽ പറയുന്നു.
ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ്മാരായ ആനിസ മുഹ് യിദ്ദീൻ, നസ്റീൻ പി നസീർ , സെക്രട്ടറിമാരായ ലുലു മർജാൻ,ആശിഖ ഷിറിൻ, ഷിഫാന കെ സുബൈർ എന്നിവരും സംസാരിച്ചു.