ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കും
പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ധാക്കി
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി. പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ധാക്കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് പരിശാധിക്കണമെന്ന ആവശ്യം ക്രൈംബ്രാഞ്ചായിരുന്നു ഉന്നയിച്ചത്. വിചാരണകോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും കോടതി അത് തള്ളുകയായിരുന്നു. മെമ്മറി കാർഡ് പരിശോധിക്കുന്നതിന്റെ ആവശ്യകതയെന്താണെന്നാണ് കോടതി ചോദിച്ചത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ നിർണായകമായ തെളിവാണ് മെമ്മറി കാർഡ് എന്നും ഇതിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിലെ പ്രയോജമമെന്താണെന്ന് ഹൈക്കോടതിയും ചോദിച്ചു. വിദഗ്ധരെ വിളിച്ചു വരുത്തി കോടതി ഇക്കാര്യത്തിൽ അഭിപ്രായം തേടിയിരുന്നു.
കേസിൽ കക്ഷി ചേർന്ന ദിലീപ് വിചാരണ വൈകിപ്പിക്കാനാണ് കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചിരുന്നത്. എഫ് എസ് എൽ റിപോർട്ടുകൾ നിലവിൽ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിൻറെ വാദം.
എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറി എന്നത് വ്യക്തമാണ്. എന്നാൽ അതിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി അറിയണം എന്നതായിരുന്നു പ്രോസിക്യൂഷൻ നിലപാട്. മൂന്ന് ദിവസം മതി മെമ്മറി കാർഡ് പരിശോധിക്കാനെന്നും അതിനാൽ ആവശ്യം അംഗീകരിക്കണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നത്.