വിമർശകരുടെ വാ മൂടിക്കെട്ടാനുള്ള നീക്കം അപലപനീയം: പി.പി ചിത്തരഞ്ജൻ എം.എൽ.എ

മാധ്യമസ്ഥാപനങ്ങളെ ഓരോന്നായി തങ്ങളുടെ വരുതിയിലാക്കുക, അതിന് വിസമ്മതിക്കുന്നവയ്ക്ക് കൂച്ചുവിലങ്ങിടുക എന്നതാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മീഡിയവണ്ണിന്റെ സംപ്രേഷണം നിർത്തിവയ്ക്കാൻ നൽകിയ നിർദേശവും- പി.പി ചിത്തരഞ്ജൻ എം.എൽഎ.എ

Update: 2022-02-01 16:26 GMT
Editor : Shaheer | By : Web Desk
Advertising

വിയോജിക്കുന്നവരുടെയും വിമർശിക്കുന്നവുരടെയും വാ മൂടികെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ. മീഡിയവൺ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളോടും അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിനുനേരെയുമുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഓരോ വ്യക്തിക്കും ഓരോ സ്ഥാപനത്തിനുമുണ്ട്. വിശിഷ്യാ, ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്ക്. ആ അവകാശത്തെ ഹനിക്കുന്ന ഏതൊരു പ്രവൃത്തിയും ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം ഓരോരുത്തരും ചോദ്യം ചെയ്യേണ്ടതുണ്ട്-ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.

രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ ഓരോന്നായി തങ്ങളുടെ വരുതിയിലാക്കുക, അതിന് വിസമ്മതിക്കുന്നവയ്ക്ക് കൂച്ചുവിലങ്ങിടുക എന്നതാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മീഡിയവണ്ണിന്റെ സംപ്രേഷണം നിർത്തിവയ്ക്കാൻ നൽകിയ നിർദേശവും. ചാനലിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയാറാവാഞ്ഞതും നീതിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Full View

ചാനലിനെതിരെയോ സ്ഥാപനത്തിനെതിരെയോ ഏതെങ്കിലും വിഷയങ്ങളുണ്ട് എങ്കിൽ അവ പരിശോധിച്ച് പരിഹരിക്കാൻ ആവശ്യമായ നടപടികളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. അതിനുപകരം മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുന്ന സാഹചര്യത്തിലേക്കാണ് സംഘ്പരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചെയ്യുന്നത്. വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും വാ മൂടികെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മീഡിയവൺ ചാനലിന്റെ അവകാശത്തിനൊപ്പമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ കുറിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News