നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം പന്നിയോട് സ്വദേശി സോനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: നവ വധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശി സോനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 14 ദിവസം മുമ്പാണ് സോനയുടെ വിവാഹം നടന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
ഇന്നലെ ഉച്ചക്കാണ് സോന ഭർത്താവിനൊപ്പം തന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. ഇന്നലെ സന്തോഷത്തോടെയാണ് തങ്ങളുടെ വീട്ടിൽ നിന്ന് പോന്നത്. ഭർത്താവിന്റെ ഒപ്പമാണ് പെൺകുട്ടി ഉറങ്ങാൻ പോയത്. ആ മുറിയിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ ഉറങ്ങി എഴുന്നേറ്റപ്പോൾ ഭാര്യ തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നാണ് സോനയുടെ ഭർത്താവിന്റെ വാദം. ഇയാൾ കിടക്കുന്ന കട്ടിലിൽ കയറി തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പതിനൊന്ന് മണിയോടെയാണ് സോനയുടെ ബന്ധുക്കളെ മരണ വിവരം അറിയിച്ചതെന്നും അതിന് ശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സോനയെ ആദ്യം കാട്ടാകടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രയിലും പ്രവേശിപ്പിച്ചു. എന്നാൽ അപ്പോയേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സന്തോഷത്തോടെ തങ്ങളുടെ വീട്ടിൽ നിന്നും പോയ പെൺകുട്ടിക്ക് രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നാണ് സോനയുടെ കുടുംബം ഉന്നയിക്കുന്ന പ്രധാന ചോദ്യം. സോനയുടേത് പ്രണയ വിവാഹമായിരുന്നു. ഈ വിവാഹത്തിനോട് പെൺകുട്ടിയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും സോനയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിപ്പികുകയായിരുന്നു.