ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല
മന്ത്രിമാരിൽ പലരും ഇനിയും ഒപ്പിടാനുണ്ടെന്നാണ് സർക്കാർ വിശദീകരണം
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല. മന്ത്രിമാരിൽ പലരും ഇനിയും ഒപ്പിടാനുണ്ടെന്നാണ് സർക്കാർ വിശദീകരണം. നാളെ രാവിലെയോടെ ഉത്തരേന്ത്യയിലേക്ക് പോകുന്ന ഗവർണർ ഈ മാസം 20 നേ ഇനി തലസ്ഥാനത്ത് തിരിച്ചെത്തൂ.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.. ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയക്കുന്നത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസിനെ നിയമിച്ചതില്‍ പ്രഥമദൃഷ്ട്യാ നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്..എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി..ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ നീക്കം..ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ പിടിച്ച് വച്ചാലോ കോടതിയെ സമീപിക്കും.
ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയക്കുന്നതിനുള്ള പ്രത്യേക സാഹചര്യങ്ങള്‍ ഭരണഘടനയില്‍ പറയുന്നുണ്ട്..കോടതികളുടെ അധികാരം കവരുന്ന നിയമം ആണെങ്കിലോ കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കിലോ മാത്രമേ രാഷ്‌ട്രപതിക്ക് അയക്കാൻ കഴിയു. എന്നാല്‍ ഇതിലൊന്നും ചാന്‍സലറെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് ഉള്‍പ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം..ചാന്‍സലറെ ഒഴിവാക്കിയുള്ള നിയമത്തില്‍ യുജിസി ചട്ടങ്ങളുടെ ലംഘനമുണ്ടെന്ന് ഗവര്‍ണര്‍ അനുകൂലികള്‍ പറയുന്നു. എന്നാല്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി ചട്ടത്തില്‍ എവിടേയും പറയുന്നില്ലെന്നാണ് സര്‍ക്കാരിന്‍റെ മറുപടി..
അതേ സമയം സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചതില്‍ പ്രഥമദൃഷ്ട്യാ നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി വിലയിരുത്തൽ സർക്കാരിന് ആശ്വാസമായി. നിയമനം ചട്ടങ്ങള്‍ പാലിച്ചല്ലെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴന്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. ബുധനാഴ്ചയ്ക്ക് മുന്‍പ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമെങ്കില്‍ കൈമാറാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ സാങ്കേതിക സർവകലാശാലയിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചു.
വിസിയെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത് ..രാഷ്ട്രപതിക്ക് അയച്ചാലും നിയമ സഭയിൽ ബിൽ കൊണ്ട് വരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദര്‍ സർക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്..അത് കൊണ്ട് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കിലും രാഷ്ട്രപതിക്ക് അയച്ചാലും അടുത്ത മാസം ആദ്യവാരം നിയമസഭ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ആലോചന