ജന്മനാടിന്റെ സ്‌നേഹമധുരം നുണഞ്ഞ് സച്ചിദാനന്ദൻ
കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റിൽ സച്ചിദാനന്ദൻ പഠിച്ച ടി.ഡി.പി യു.പി സ്‌കൂളിലെ പൂർവവിദ്യാർഥികളും വിരമിച്ച അധ്യാപകരുമാണ് സാഹിത്യ അക്കാദമിയിലെത്തി സ്‌നേഹാദരങ്ങൾ കൈമാറിയത്
'ഒടുവിൽ നീ പോവതൊറ്റക്കെവിടേക്കെന്റെ സോദരീ, അവിടേക്കെന്തു നീയെന്റെ കൈപിടിക്കാതെ പോകുവാൻ...' താനും മാസങ്ങൾക്കുമുൻപ് മരിച്ചുപോയ സഹോദരി ലളിതയെക്കുറിച്ചെഴുതിയ വരികൾ ജന്മനാട്ടിൽ നിന്നെത്തിയ സുഹൃത്ത് ഈണം നൽകി പാടിയത് കേട്ടപ്പോൾ കവി കെ. സച്ചിദാനന്ദൻ സ്വന്തം ഗ്രാമവും കുട്ടിക്കാലവുമൊക്കെ ഓർത്തെടുക്കുകയായിരുന്നിരിക്കണം. ദീർഘകാലത്തെ ഡൽഹിവാസം അവസാനിപ്പിച്ച് കേരള സാഹിത്യ അക്കാദമി അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ നാടിനെ തിരികെക്കിട്ടിയ സന്തോഷം കൂടിയായിരിന്നു അദ്ദേഹത്തിന്.
ജന്മനാടായ പുല്ലൂറ്റ് ഗ്രാമത്തിൽനിന്ന് അനുമോദനങ്ങളുമായി സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സംഘം എത്തിയപ്പോൾ ആ സന്തോഷത്തിന് മധുരമേറി.. ആറാംക്ലാസിലെ മലയാള പാഠപുസ്തകത്തിലുൾപ്പെട്ട സച്ചിദാനന്ദന്റെ 'വേഗമുറങ്ങൂ' എന്ന കവിതയും സംഘത്തിലൊരാൾ പാടി. 2019ൽ അദ്ദേഹം സ്‌കൂൾ സന്ദർശിച്ചതിന്റെ ഓർമച്ചിത്രങ്ങളാണ് സുഹൃദ് സംഘം പ്രിയപ്പെട്ട നാട്ടുകാരന് ഉപഹാരമായി സമർപ്പിച്ചത്. അക്ഷരങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പ്രചോദനമായ വിദ്യാലയമുറ്റത്തെ ആശാൻ സ്മാരക ലൈബ്രററിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ച് സച്ചിദാനന്ദൻ ചോദിച്ചറിഞ്ഞു.
തൃശൂർ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റിൽ സച്ചിദാനന്ദൻ പഠിച്ച ടി.ഡി.പി യു.പി സ്‌കൂളിലെ പൂർവവിദ്യാർഥികളും വിരമിച്ച അധ്യാപകരുമാണ് സാഹിത്യ അക്കാദമിയിലെത്തി സ്‌നേഹാദരങ്ങൾ കൈമാറിയത്. വിദ്യാലയത്തിലെ പൂർവ വിദ്യാർഥി-അധ്യാപക സംഘടന ഒ.എസ്.എസ്.എയുടെ ആദ്യ അംഗമായി സച്ചിദാനന്ദനെ ചേർത്തു. സംഘടനയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. ഒ.എസ്.എസ്.എ പ്രസിഡന്റ് വി.എൻ സജീവൻ, ജനറൽ സെക്രട്ടറി കെ.കെ ശ്രീതാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.