കർഷകരെ കൂട്ടക്കൊല ചെയ്യുന്ന നയം രാജ്യത്തിന് നാണക്കേട്: മുസ്‌ലിം ലീഗ്
പ്രതിപക്ഷ നേതാക്കളെയെല്ലാം തടങ്കലിൽവച്ച് യഥാർത്ഥ സംഭവങ്ങൾ പുറംലോകം അറിയാതിരിക്കാനും കേസ് അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി
സമരം ചെയ്യുന്ന കർഷകരെ കൂട്ടക്കൊല ചെയ്യുന്ന ഭരണകൂടനയം രാജ്യത്തിന് നാണക്കേടാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഇൻചാർജ് പിഎംഎ സലാം പ്രസ്താവിച്ചു. ജനകീയ സമരങ്ങളെ പ്രാകൃതമായ രീതിയിലാണ് കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നേരിടുന്നത്. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും ഇത്തരം കാട്ടാളത്തം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷക പ്രതിഷേധത്തിനിടെ മന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒമ്പത് പേരെ കൊന്നത് ചരിത്രത്തിലെ ഏറ്റവും നീചമായ കൂട്ടക്കൊലയാണ്. ഇതിനെതിരെ പ്രതിഷേധിച്ചവരെയും വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെ കാണാൻ സംഭവസ്ഥലത്തേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. പ്രതിപക്ഷ നേതാക്കളെയെല്ലാം തടങ്കലിൽവച്ച് യഥാർത്ഥ സംഭവങ്ങൾ പുറംലോകം അറിയാതിരിക്കാനും കേസ് അട്ടിമറിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്താണ് ഇങ്ങനെയെല്ലാം നടക്കുന്നതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്-പിഎംഎ സലാം പറഞ്ഞു.
കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ മാസങ്ങളായി കർഷകർ സമരത്തിലാണ്. അനുഭാവപൂർവം അവരെയൊന്ന് കേൾക്കാൻപോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല. കർഷകർ ഉയർത്തിയ ആവശ്യങ്ങളോടെല്ലാം പുറംതിരിഞ്ഞ് നിൽക്കുകയാണ്. സമരം ചെയ്യാനുള്ള അവകാശത്തെ പോലും നിഷേധിച്ചുകൊണ്ടാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത്. സമരവേദിയിലേക്ക് കാറിടിച്ച് കയറ്റിയവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം. മുസ്‌ലിംകളെയും ദലിതുകളെയും വേട്ടയാടുന്ന സംഘ്പരിവാർ ഇപ്പോൾ കർഷകർക്കു നേരെയും തിരിഞ്ഞിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയിൽ ഇത് അനുവദിക്കാനാവില്ലെന്നും കർഷക സമരങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പിഎംഎ സലാം പറഞ്ഞു.