അടിമാലി,വെളളത്തൂവൽ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
പ്രദേശവാസികൾ ഭീതിയിലായതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലി,വെളളത്തൂവൽ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അടിമാലി പഞ്ചായത്തിലെ തലമാലി,പെട്ടിമുടി വെളളത്തൂവൽ പഞ്ചായത്തിലെ കൂമ്പൻപാറ, അമ്പിളിക്കുന്ന് മേഖലകളിലാണ് കടുവയിറങ്ങിയത്. പ്രദേശവാസികൾ ഭീതിയിലായതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
പെട്ടിമുടി,തലമാലി മേഖലകളിൽ വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവായതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കടുവയുടെ കാൽപ്പാടുകൾ ആദ്യം കണ്ടത്.പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം നടത്തുന്നതിനിടെയാണ് കൂമ്പൻപാറ അമ്പിളിക്കുന്ന് ഭാഗത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആദ്യമായാണ് കടുവയിറങ്ങിയതെന്നും ഫലപ്രദമായ നടപടികൾ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
രണ്ടിടത്തും സമാനമായ കാൽപ്പാടുകളായതിനാൽ ജനവാസമേഖലയിലിറങ്ങിയത് ഒരേ കടുവയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. നിരീക്ഷണം ശക്തമാക്കിയെന്ന് വനം വകുപ്പ് പറയുമ്പോഴും കാർഷിക ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.