കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാംരംഭിക്കും
ഡോക്ടർമാർ കോവിഡ് മരണമായി സ്ഥിരീകരിക്കുന്നവരുടെ പേര്, വയസ്, സ്ഥലം എന്നിവയുടെ ജില്ലാ തലത്തിലുള്ള കണക്കാണ് പുറത്തുവിടുക
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാംരംഭിക്കും. ഡോക്ടർമാർ കോവിഡ് മരണമായി സ്ഥിരീകരിക്കുന്നവരുടെ പേര്, വയസ്, സ്ഥലം എന്നിവയുടെ ജില്ലാ തലത്തിലുള്ള കണക്കാണ് പുറത്തുവിടുക .വിദഗ്ധ സമിതി വെട്ടിത്തിരുത്തിയ കൊവിഡ് മരണപ്പട്ടികയാണ് സർക്കാർ പുറത്തുവിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മീഡിയവണിനോട് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ വരെ പുറത്ത് വിട്ടിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കി. മരണ നിരക്ക് കുറച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ക്യത്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തി. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോവിഡ് ബാധിച്ചു മരണപെടുന്നവരുടെ പട്ടിക പുറത്ത് വിടാന്‍ വീണ്ടും തീരുമാനിച്ചത്. പക്ഷെ കോവിഡ് ബാധിച്ച് മരിച്ചിട്ടും ഇതുവരെ സര്‍ക്കാരിന്‍റെ കണക്കില്‍ പെടാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് പോലും ആനുകൂല്യം ലഭിക്കാത്ത അവസ്ഥ വരരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.