രാജ്യസഭ സീറ്റ് സിപിഎമ്മും സിപിഐയും പങ്കിടും; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും
എൽജെഡി, എൻസിപി , ജെഡിഎസ് എന്നീ പാർട്ടികളാണ് സീറ്റ് ആവശ്യപ്പെട്ടിരുന്നത്
ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ മുന്നണിക്ക് വിജയിക്കാൻ കഴിയുന്ന രണ്ട് സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിടാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം. എൽ ജെഡിക്ക് വീണ്ടും സീറ്റ് നൽകിയില്ല. എൽജെഡി ,എൻസിപി , ജെഡിഎസ് എന്നീ പാർട്ടികളാണ് സീറ്റ് ആവശ്യപ്പെട്ടിരുന്നത്. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർലമെന്‍റിൽ പാർട്ടി എം.പിമാരുടെ എണ്ണം ആകാവുന്നിടത്തോളം വർധിപ്പിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. എന്നാൽ, ഭരണകാലത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ നിലനിർത്തുന്ന 4:2 അനുപാതം അനുസരിച്ച് ഒരു സീറ്റ് ലഭിച്ചേ പറ്റൂവെന്നാണ് സി.പി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു. സി.പി.എമ്മിലെ കെ. സോമപ്രസാദ്, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയംസ് കുമാർ എന്നിവരുടെ സീറ്റുകളാണ് എൽ.ഡി.എഫിൽ ഒഴിവുവരുന്നത്.
അതേസമയം ഐ.എൻ.എല്ലിൽ നിന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ മാത്രം യോഗത്തില് പങ്കെടുത്തു. ഇരുപക്ഷത്തെയും മറ്റു നേതാക്കൾക്കു ക്ഷണമുണ്ടായിരുന്നില്ല. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്‍റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാർത്ഥി ആരാകണമെന്നതിൽ കോൺഗ്രസിൽ ചർച്ച തുടങ്ങിയിട്ടുണ്ട്.