മുതലപ്പൊഴി അഴിമുഖത്തെ മണല്‍ നീക്കം നിലച്ചു; ബോട്ടുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യത
അഴിമുഖ പ്രവേശകവാടത്തിൽ നിന്നും മണൽ നീക്കുന്നതാണ് നിലച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്തെ മണല്‍ നീക്കം നിലച്ചു. അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിൽ എത്തിച്ച എക്സവേറ്റർ ഉപയോഗിച്ചായിരുന്നു മണ്ണൽ നീക്കം നടത്തിയിരുന്നത്. മണൽ നീക്കം നിലച്ചതോടെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ അപകടത്തിൽ പെടാനുള്ള സാധ്യത വർധിക്കുകയാണ്.
അഴിമുഖ പ്രവേശകവാടത്തിൽ നിന്നും മണൽ നീക്കുന്നതാണ് നിലച്ചത്. എക്സവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കാര്യമായ നേട്ടം കൈവരിച്ചില്ലെന്ന് വിലയിരുത്തിയാണ് മണൽ നീക്കം അദാനി ഗ്രൂപ്പ് പൂർണ്ണമായും നിര്‍ത്തിവെച്ചത്. ഹാർബറിൻ്റെ തെക്കെ പുലിമുട്ടിന് സമാനമായി വൻ തോതിൽ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. 6 മീറ്റർ താഴ്ച വേണ്ട അഴിമുഖപ്രവേശന കവാടത്തിന് നിലവിൽ 2 മീറ്ററിന് പോലും ആഴമില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഹാർബർ വകുപ്പും അദാനി ഗ്രൂപ്പുമായി തമ്മിലുണ്ടാക്കിയ കരാർ കലാവധി ഏപ്രിലോടെ അവസാനിക്കും. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജനുവരി മൂന്നിന് നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദാനി ഗ്രൂപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദേശം പൂർണമായും അവഗണിക്കുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് സ്വീകരിക്കുന്നതെന്ന് കാട്ടി ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിന് നീങ്ങുകയാണ് നാട്ടുകാര്‍.