ഒന്നര കോടി രൂപ ചെലവഴിച്ചു നിർമിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും കാടുകയറി നശിക്കുന്നു
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്
കണ്ണൂർ: പഴയങ്ങാടിയിൽ ഒന്നര കോടി രൂപ ചെലവഴിച്ചു നിർമിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും കാടുകയറി നശിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
2020 ൽ കണ്ണൂർ പഴയങ്ങാടി രാമപുരത്ത് പൊതുമരാമത്ത് വകുപ്പ് 1.35 കോടി രൂപ ചിലവഴിച്ചാണ് വഴിയോര വിശ്രമ കേന്ദ്രവും പാർക്കും നിർമിച്ചത്. കെഎസ്ടിപിക്കായിരുന്നു നിർമാണ ചുമതല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നേരിട്ട് എത്തി ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ട് വർഷം കഴിഞ്ഞിട്ടും പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തില്ല. പാർക്കിൽ ഒരുക്കിയ പൂന്തോട്ടം കാടുകയറി നശിച്ചു. ഇരിപ്പിടങ്ങളും ശുചിമുറികളും കുട്ടികൾക്കായുള്ള കളിസ്ഥലവും നാശത്തിന്റെ വക്കിലാണ്.
പദ്ധതി നടത്തിപ്പിനായി കെഎസ്ടിപി റോഡ് വിഭാഗം രണ്ട് തവണ ടെൻഡർ ക്ഷണിച്ചുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ നടപ്പിലായില്ല. മാത്രമല്ല കോടികൾ മുടക്കി ഒരുക്കിയ പാർക്ക് സംരക്ഷിക്കാനോ ശുചീകരിക്കാനോ പോലും യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. ഈ നില തുടർന്നാൽ കെട്ടിടങ്ങൾ അടക്കം നിലം പതിക്കാൻ ഏറെ കാലതാമസമുണ്ടാകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.