'പൊതിച്ചോറിനൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും കൊടുത്തുവിടണം'; രക്ഷിതാക്കളെ ഞെട്ടിച്ച് സ്‌കൂളിന്‍റെ ഓണസദ്യ മെസേജ്
ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്
കൊച്ചി: കോവിഡ് മഹാമാരി പിടിമുറുക്കിയ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലയാളി. ഓണം ഇത്തവണ എല്ലാ പൊലിമയോടും കൂടി ആഘോഷിക്കാനാണ് തീരുമാനം. സ്കൂളുകളും കോളേജുകളും മറ്റു സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണാഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണസദ്യ. പക്ഷെ ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയായതിനാല്‍ ഓണസദ്യയൊരുക്കാന്‍ ഇത്തിരി പാടുപെടേണ്ടി വരും. എന്നാല്‍ ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഓണസദ്യക്കുള്ള വിഭവങ്ങളെല്ലാം കുട്ടികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന തീരുമാനത്തിലാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്കൂള്‍.
സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ കുട്ടികളുടെ പക്കല്‍ കൊടുത്ത് വിടണമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അറിയിപ്പായി സ്‌കൂള്‍ അധികൃതര്‍ അയച്ച മെസേജിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി കുട്ടികളുടെ പക്കല്‍ വിഭവങ്ങള്‍ കൊടുത്തു വിടണം. ഓരോ വിഭവവും ആറ് പേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് കൊടുത്ത് വിടേണ്ടത്. ആവശ്യമായ ചോറ് ഇലയില്‍ പൊതിഞ്ഞ് കൊടുക്കേണ്ടതാണെന്നും സന്ദേശത്തില്‍ പറയുന്നു. പായസം സ്‌കൂളില്‍ വെച്ച് ഉണ്ടാക്കി കൊടുക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പായസം തയ്യാറാക്കുന്നതിനുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായുമടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടണമെന്നും സന്ദേശത്തില്‍ പറയുന്നു.
കൊച്ചിയിലെ സ്കൂളിന്‍റെ 'ഓണസദ്യ മെസേജ്' വൈറലായതോടെ സമാന രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയ സ്‌കൂളുകളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തേങ്ങ, വെളിച്ചെണ്ണ, സാമ്പാര്‍ പരിപ്പ്, നെയ്യ്, പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പപ്പടത്തെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം തേടുകയാണ് സോഷ്യല്‍മീഡിയ.