വയനാട്ടിൽ ഭീതിവിതച്ച കടുവയെ ഉടൻ പിടിക്കും; ലൊക്കേറ്റ് ചെയ്തതായി വനംവകുപ്പ്
20 ദിവസമായി പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ലൊക്കേറ്റ് ചെയ്തതായാണ് വിവരം
Update: 2021-12-19 00:53 GMT
വയനാട് കുറക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഉടൻ പിടിയിലാകുമെന്ന് സൂചന. 20 ദിവസമായി പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ലൊക്കേറ്റ് ചെയ്തതായാണ് വിവരം.
ഇന്നലെ രാവിലെ ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തന്നെ പഴുതടച്ചുള്ള തെരച്ചിലിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകിയത്. കാൽപ്പാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വനത്തിനകത്തേക്കും നീണ്ടു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ തിരിച്ചിറങ്ങിയ വനപാലകരുടെ മുഖത്ത് പതിവിൽ കവിഞ്ഞ ആത്മവിശ്വാസവും ആശ്വാസവും പ്രകടമായിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ച ബേഗൂർ ഫോറസ്റ്റ് റെയ്ഞ്ചിലാണ് വനപാലകരുടെ നേതൃത്വത്തിൽ കടുവക്കായുള്ള തെരച്ചിൽ ഇപ്പോൾ പുരോഗമിക്കുന്നത്.