'ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും'; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രിയെന്ന് രമേഷ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യമായി. ബിരിയാണി പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് വ്യക്തമായെന്നും സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു. സ്വർണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതിനു പിന്നാലെയാണ് മുൻ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്ത കൊണ്ട് സത്യം ഇല്ലാതാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
''മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.''-സ്വപ്ന വെളിപ്പെടുത്തി.
അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശമാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോളാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നതെന്നും സ്വപ്ന പറഞ്ഞു. ഇതോടൊപ്പം വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള എല്ലാ വിവരങ്ങളും ഓരോരുത്തരുടെ പങ്ക് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. അതല്ലാം വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.