പകരം ഭൂമി നല്‍കിയില്ല, സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്
വഖഫ് ബോർഡ് കളക്ടർക്ക് അയച്ച നോട്ടീസിന്‍റെയും കരാറിന്‍റെയും പകർപ്പ് മീഡിയവണിന് ലഭിച്ചു.
വാഗ്ദാനം ചെയ്ത പകരം ഭൂമി നല്കാത്തതിനെ തുടർന്ന് ടാറ്റയുടെ കോവിഡ് ആശുപത്രിക്കായി വിട്ടു നല്‍കിയ വഖഫ് ഭൂമി തിരിച്ചെടുക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ചട്ടഞ്ചാലില്‍ നല്‍കിയ 4.16 ഏക്കർ ഭൂമിക്ക് പകരം വാഗ്ദാനം ചെയ്ത ഭൂമിയാണ് ലഭിക്കാത്തത്. ഭൂമി തിരിച്ചുപിടിക്കുമെന്ന് കാണിച്ച് വഖഫ് ബോർഡ് കാസർകോട് കലക്ടർക്ക് നോട്ടീസയച്ചു. കരാറിന്‍റെയും നോട്ടീസിന്‍റെയും പകർപ്പ് മീഡിയവണിന് ലഭിച്ചു.
മലബാർ ഇസ്‍ലാമിക് കോംപ്ലക്സ് അസോസിയേഷന്‍റെ ഉടമസ്ഥയിലുള്ള 4.16 ഏക്കർ വഖഫ് ഭൂമി ടാറ്റയുടെ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രിക്കായി കൈമാറുന്നത് സംബന്ധിച്ച കരാറാണിത്. കാസർകോട് ജില്ലാ കലക്ടറായിരുന്ന ഡി സജിത് ബാബുവാണ് ഒന്നാം കക്ഷി. രണ്ടാം കക്ഷി സമസ്ത പ്രസിഡന്‍റും മലബാർ ഇസ്‍ലാമിക് കോംപ്ലക്സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ്. കാസർകോട് തെക്കില്‍ വില്ലേജില്‍ 4.16 ഏക്കർ സ്ഥലം പകരം നല്‍കാമെന്ന ഉറപ്പിന്മേലാണ് വഖഫ് ഭൂമി കൈമാറിയത്. നടപടിക്ക് വഖഫ് ബോർഡ് അനുമതിയും നല്‍കി. 2020 ഏപ്രിലിലാണ് ഭൂമി കൈമാറിയത്. മൂന്നു മാസത്തികം പകരം ഭൂമി കൈമാറാമെന്നായിരുന്നു ധാരണ. പക്ഷെ ഇതുവരെ ഭൂമി കൈമാറാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. അന്നത്തെ കലക്ടര്‍ ഡി സജിത് ബാബു സ്ഥലം മാറി പോവുകയും ചെയ്തു.
ഈ മാസം 7 ന് വിഷയം പരിഗണിച്ച വഖഫ് ബോർഡ് പകരം ഭൂമി ഉടന്‍ അനുവദിച്ചില്ലെങ്കില്‍ നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങാനും തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് കാസർകോട് ജില്ലാ കലക്ടർക്ക് നോട്ടീസും നല്‍കി. 2013 ലെ നിയമത്തിന് ശേഷം വഖഫ് സ്വത്ത് കൈമാറാന്‍ തന്നെ പാടില്ല. എന്നാല്‍ കോവിഡ് ചികിത്സയെന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് സർക്കാരിന് ഭൂമി കൈമാറിയത്. തിരികെ ഭൂമി നല്‍കേണ്ടതും സർക്കാരിന്‍റെ ബാധ്യതയാണ്.