മുതലപ്പൊഴിയിൽ കല്ലും മണ്ണും നീക്കാനുള്ള ജോലികൾ തുടങ്ങുന്നത് നീളുന്നു
മന്ത്രിതല ഉപസമിതി നടത്തിയ ചർച്ചയിലാണ് പൊഴിമുഖത്ത് ഇടിഞ്ഞിറങ്ങിയ കല്ലും മണ്ണും അടിയന്തരമായി നീക്കാൻ അദാനി ഗ്രൂപ്പിന് നിർദേശം നൽകിയത്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കല്ലും മണ്ണും നീക്കാനുള്ള ജോലികൾ തുടങ്ങുന്നത് നീളുന്നു. ക്രെയ്ൻ എത്താൻ വൈകുന്നതിനാലാണ് കല്ലും മണ്ണും നീക്കൽ തുടങ്ങാത്തത്. ഇന്നലെ പണി തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ക്രെയ്ൻ എത്തിക്കാനായിരുന്നില്ല. അടിയന്തരമായി ക്രെയ്ൻ എത്തിക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഉപകരണങ്ങൾ എത്തിയാൽ ഉടൻ പണി തുടങ്ങും.
മന്ത്രിതല ഉപസമിതി നടത്തിയ ചർച്ചയിലാണ് പൊഴിമുഖത്ത് ഇടിഞ്ഞിറങ്ങിയ കല്ലും മണ്ണും അടിയന്തരമായി നീക്കാൻ അദാനി ഗ്രൂപ്പിന് നിർദേശം നൽകിയത്. പൊഴിമുഖത്തെ ആഴം കൂട്ടുന്നതിനുള്ള ഡ്രെഡ്ജറും ഉടൻ എത്തിക്കും. ഹാർബറിൽ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാൻ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചിരുന്നു. കാലവർഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാൻ കാത്ത് നിൽക്കരുത്. ഈ കാര്യത്തിൽ വീഴ്ച്ച വരുത്തിയാൽ അദാനി ഗ്രൂപ്പിനെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.