കുടിവെള്ള ക്ഷാമത്തില്‍ പ്രതിഷേധിച്ച് 60ലേറെ കുടുംബങ്ങള്‍ക്ക് സ്വന്തമായി കുടിവെള്ളമെത്തിച്ച് നല്‍കി യുവാവ്
പറക്കളം സ്വദേശി സുധീറാണ് സ്വന്തം പോക്കറ്റില്‍ നിന്നും പണം എടുത്ത് ടാങ്കറില്‍ കുടിവെള്ളം കൊണ്ടുവന്നത്
പാലക്കാട്: കുടിവെള്ള ക്ഷാമത്തില്‍ പ്രതിഷേധിച്ച് അറുപതോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി കുടിവെള്ളം എത്തിച്ച് നല്‍കി യുവാവ്. പാലക്കാട് പലശ്ശനയിലാണ് വ്യത്യസ്ഥ പ്രതിഷേധം നടന്നത്. പറക്കളം സ്വദേശി സുധീറാണ് സ്വന്തം പോക്കറ്റില്‍ നിന്നും പണം എടുത്ത് ടാങ്കറില്‍ കുടിവെള്ളം കൊണ്ടുവന്നത്.
പലശ്ശന ഗ്രാമ പഞ്ചായത്തിലെ പറക്കളം പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സുധീര്‍ പഞ്ചായത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഫലം ഒന്നും കാണാതായതോടെ പ്രദേശത്തെക്ക് സ്വന്തമായി കുടിവെള്ളം എത്തിച്ചു. ഒരു പ്രതിഷേധം മറ്റുള്ളവര്‍ക്ക് ഉപകാരമാകുന്ന വിധമായിരുന്നു സുധീറിന്റെ പ്രവര്‍ത്തി. വേനല്‍ കനത്തപ്പോള്‍ പ്രദേശത്തെ കുടിവെള്ള പദ്ധതികളില്‍ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സമാന സാഹചര്യമാണ്. പല കുടുംബങ്ങളും പണം നല്‍കിയാണ് വെള്ളം വാങ്ങുന്നത്. ഇതിനിടെയാണ് സുധീറിന്റെ പ്രതിഷേധം
നാട്ടുകാര്‍ നേരിടുന്ന പ്രതിസന്ധി അധികൃതര്‍ തിരിച്ചറിയണമെന്ന് സുധീര്‍ പറയുന്നു. വേനല്‍ കഴിയുന്നത് വരെ തനിക്കാവും വിധം വെള്ളം എത്തിച്ച് നല്‍കുമെന്നും സുധീര്‍ വ്യക്തമാക്കി.