മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: യൂത്ത്‌ലീഗ് നേതാക്കൾ കസ്റ്റഡിയിൽ
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിലുള്ള ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്
കെ റെയിൽ പദ്ധതി സംബന്ധിച്ച് പൗരപ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്താൻ കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് നേതാക്കളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിലുള്ള ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ പരിപാടിക്കായി വാഹനം ബ്ലോക്ക് ചെയ്തത് ചോദ്യം ചെയ്തയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കെ റെയിൽ പദ്ധതി നടക്കുമെന്ന് എതിർക്കുന്നവർക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിർപ്പിന് കാരണമെന്നും ഇപ്പോഴത്തെ സർക്കാർ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞാൽ നടക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ സംബന്ധിച്ച് പൗരപ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ നടപ്പാക്കാൻ കഴിയില്ലെന്നാണ് ചിലർ പറയുന്നതെന്നും ഇപ്പോൾ അല്ലെങ്കിൽ എപ്പോഴാണ ഇത് നടക്കുകയെന്നും ഇത്തരം പദ്ധതി കേരളം ആഗ്രഹിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മുമ്പൊക്കെ പദ്ധതികൾ കൊണ്ടു വന്നാൽ സാധാരണ നടപ്പാകാറില്ലെന്നും ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങൾ കണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാകില്ലെന്ന് കരുതിയ ദേശീയ പാത വികസനം ഓരോ റീച്ചായി അതി വേഗത്തിൽ നടക്കുന്നു. ഗെയിൽ പദ്ധതി നടക്കില്ലെന്ന് കരുതി അവർ തന്നെ ഉപേക്ഷിച്ചതാണ്. അത് നടപ്പായി -മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ നടപ്പാക്കുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ലെന്നും നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണടച്ച് എതിർക്കുന്നവർക്കുള്ള വിശദീകരണമല്ലിതെന്നും യഥാർത്ഥ സംശയങ്ങൾക്ക് വിശദീകരണം നൽകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമാണ്. കേരളത്തിലെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോലമാണെങ്കിലും അത്തരമിടങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. 15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയാണ് ആവശ്യമായ ഭൂമിയ്ക്ക് വേണ്ടത്. കല്ലും മണ്ണുമെല്ലാം ദേശീയ പാത വികസനത്തെക്കാൾ കുറവ് മതി. 115 കിലോമീറ്റർ പാടശേഖരത്തിൽ 88 Km ആകാശപാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്ക ഭീഷണിയെന്ന വാദം ശരിയല്ലെന്നും തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് റെയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിനെയാകെ വിഭജിക്കുന്നതല്ല പാതയെന്നും ആളുകൾക്ക് യാത്ര ചെയ്യാൻ അടിപ്പാതകൾ ഉണ്ടാകുമെന്നും അതിനാൽ അതിവേഗ റെയിലിന് സ്റ്റാൻഡേർഡ് ഗേജോണ് എല്ലായിടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെയുടെ നിർദ്ദേശം അതാണെന്നു ചൂണ്ടിക്കാട്ടി. 200 കിലോമീറ്ററാണ് സിൽവർ ലൈൻ പ്രവർത്തന വേഗതയെന്നും സംരക്ഷിത വേലികൾ ഉണ്ടാകുമെന്നും പറഞ്ഞു. തിരൂർ മുതൽ തിരുവനന്തപുരം വരെ നിലവിലെ റെയിൽ പാത വളവും തിരിവുമുള്ളതാണ്. അതിനാൽ ഗ്രീൻഫീൽഡ് പാത വേണം. അല്ലാത്തിടത്തെല്ലാം നിലവിലെ റെയിൽ പാതയ്ക്ക് സമാന്തരമായി തന്നെയാണ് സിൽവർ ലൈൻ നിർമിക്കുക. ഇതുവഴി റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നത് - മുഖ്യമന്ത്രി പറഞ്ഞു.
കാലാനുസൃതമായ മാറ്റം നാട്ടിൽ വേണമെന്നും സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേയ്ക്ക് ചികിത്സയ്ക്ക് പോകുന്നവർക്കും സമയ ലാഭമുണ്ടാകുമെന്നും താങ്ങാവുന്ന ചാർജ്ജാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയിൽ വലിയ നിക്ഷേപങ്ങളും വരുമെന്നും ഭാവി കൂടി കണ്ട് വേണം സിൽവർ ലൈനെ വിലയിരുത്താനെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭൂമി നൽകിയതിന്റെ പേരിൽ ഒരു കുടുംബവും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
കെ റെയിൽ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിവേഗത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിന് സഹായിക്കുന്നതാകും പദ്ധതിയെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ നേരത്തെ പദ്ധതിയ്ക്ക് അനുകൂല നിലപാടൊണ് സ്വീകരിച്ചതെന്നും ഇപ്പോൾ പ്രാദേശികമായി എതിർക്കുന്നതിനാൽ ചെറിയ ശങ്ക നിലനിൽക്കുന്നുവെന്നും പറഞ്ഞു. തെറ്റായ പ്രചാരണം നടത്തി പദ്ധതി വരാതിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാളത്തെ തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ് വികസനമെന്നും നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെയോ എതിർപ്പിന്റെയോ പേരിൽ ഒഴിവാക്കില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. ഇപ്പോൾ നടക്കുന്ന വിശദീകണ യോഗം നാടിൻറ ഒരു തലത്തിലുള്ളവരുമായാണ്. മറ്റു തലങ്ങളിലുള്ളവരോട് പിന്നീട് സംസാരിക്കുമൊന്നും ഇവർ നാടിന്റെ ഭാഗമല്ലെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.