തേഞ്ഞിപാലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി

പോക്‌സോ കേസുകളുണ്ടാകുമ്പോൾ കൂടുതൽ സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ഇരയെ സി.ഡബ്ല്യു.സി ക്കു മുന്നിൽ ഹാജരാക്കണമെന്നും ഏതെങ്കിലും തരത്തിൽ കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ സി.ഡബ്ല്യു.സിയെ അറിയ്ക്കണമെന്നും നിബന്ധനയുണ്ട്

Update: 2022-01-26 05:22 GMT
Editor : afsal137 | By : Web Desk
Advertising

തേഞ്ഞിപാലം പോക്‌സോ കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. ബാലവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിലാണ് പൊലീസിനെതിരായ സി.ഡബ്ല്യു.സിയുടെ വിമർശനം. നിയമപ്രകാരം പൊലീസ് സമർപ്പിക്കേണ്ടിയിരുന്ന എ, ബി ഫോറങ്ങളും സമർപ്പിച്ചിരുന്നില്ലെന്നും കുട്ടിക്ക് സുരക്ഷ ആവശ്യമാണെന്ന കാര്യം ജില്ലാ ശിശു സംരക്ഷണ ഓഫീസറെ അറിയിച്ചിരുന്നില്ലെന്നും സി.ഡബ്ല്യു.സി ചൂണ്ടിക്കാട്ടി.

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. പോക്‌സോ കേസുകളുണ്ടാകുമ്പോൾ കൂടുതൽ സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ഇരയെ സി.ഡബ്ല്യു.സി ക്കു മുന്നിൽ ഹാജരാക്കണമെന്നും ഏതെങ്കിലും തരത്തിൽ കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ സി.ഡബ്ല്യു.സിയെ അറിയ്ക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ ഈ നടപടി ക്രമങ്ങളൊന്നും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മാനസികമായി തളർന്ന പെൺകുട്ടിക്ക് സംരക്ഷണം ആവശ്യമാണെന്ന് കണ്ട് പൊലീസ് ക്രിയാത്മകമായി മുന്നോട്ട് പോവുകയായിരുന്നു വേണ്ടത്. സംരക്ഷണം വേണമെന്ന് പൊലീസ് അറിയിക്കാത്തതിനെ തുടർന്ന് ഇരയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന സുരക്ഷയും കൗൺസിലിങ്ങും ഉറപ്പുവരുത്താൻ സാധിച്ചില്ല. ഇത് പൊലീസിനു സംഭവിച്ച ഗുരുതരമായ വീഴ്ച്ചയാണെന്നാണ് സി.ഡബ്ല്യു. സി ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ കൗൺസിലിങ്ങും സംരക്ഷണവും ലഭിച്ചിരുന്നെങ്കിൽ ആത്മഹത്യ പ്രവണതയിൽ നിന്നും ഒരുപക്ഷെ പെൺകുട്ടിയെ പിന്തിരിപ്പിക്കാനാകുമായിരുന്നു.

തേഞ്ഞിപാലം പോക്സോ കേസിൽ ഫറോക്ക് മുൻ സി.ഐ സി.അലവിക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ വനിതാ എസ്.ഐ രംഗത്തു വന്നിരുന്നു. കേസിൽ ശത്രുതാമനോഭാവത്തോടെയാണ് സി ഐ പെരുമാറിയതെന്ന് എസ് ഐ ലീലാമ്മ പി എസ് മീഡിയവണിനോട് പറഞ്ഞു. പെൺകുട്ടിക്ക് വ്യക്തത വരുന്ന മുറക്ക് മൊഴിയെടുക്കാമന്ന തൻറെ അഭിപ്രായം സി ഐ തള്ളുകയായിരുന്നുവെന്നും ലീലാമ്മ വ്യക്തമാക്കി. പോക്സോ കേസിൻറെ തുടക്കം മുതൽ പെണ്കുട്ടിയോട് അനുഭാവപൂർണമായല്ല സി ഐ ഇടപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. പീഡനം നടന്ന തീയതി സംബന്ധിച്ചും പീഡിപ്പിച്ചവർ വന്ന സമയം സംബന്ധിച്ചും കുട്ടിക്ക് ആ സമയത്ത് വ്യക്തത ഉണ്ടായിരുന്നില്ല. മതിയായ സമയം നൽകി മൊഴിരേഖപ്പെടുത്താമെന്നായിരുന്നു തന്റെ നിലപാട്. എന്നാൽ സി ഐ ഇത് അംഗീരിച്ചില്ല. ലീലാമ വിശദീകരിച്ചു. കേസിൻറെ തുടക്കത്തിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് നീതിയുണ്ടായില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണത്തെ ശരിവെക്കുന്നതാണ് വനിതാ എസ് ഐ യുടെ വെളിപ്പെടുത്തൽ.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News