'ചർച്ച് ബില്ലിൽ ഭയമില്ല, സുപ്രിം കോടതി വിധി കുരുതി കൊടുത്ത് സമാധാനത്തിനില്ല'- ഓർത്തഡോക്‌സ് സഭ
സർക്കാർ എന്ത് ബില്ലുമായി വന്നാലും സഭ നേരിടുമെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു
കോട്ടയം: സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്ലിൽ ഭയമില്ലെന്ന് ഓർത്തഡോക്സ് സഭ. എന്ത് ബില്ലുമായി വന്നാലും സഭ നേരിടുമെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. സഭാ ഭരണഘടനയും സുപ്രിം കോടതി വിധിയും കുരുതി കൊടുത്ത് ആരുമായും സമാധാനത്തിനില്ലെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.
'തീയിൽ കൂടി കടന്നു പോയ സന്ദർഭങ്ങൾ സഭയ്ക്ക് നിരവധിയുണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെയൊരു അനുഭവം ഉണ്ടാക്കാൻ ഏത് സർക്കാരും എന്ത് ബില്ലുമായി വന്നാലും നേരിടും'- കാതോലിക്കാ ബാവ പറഞ്ഞു. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച കുർബാനയിലെ പ്രസംഗത്തിലാണ് പ്രതികരണം.
ഓർത്തഡോക്സ് സഭക്ക് വേണ്ടത് രാഷ്ട്രീയ സഹായമാണ്, സ്വാതന്ത്ര്യമാണ്. സഭയുടെ ഭരണഘടനയും അത് അംഗീകരിച്ചുറപ്പിച്ച സുപ്രിംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാൻ തയ്യാറാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. രാജ്യത്തിന്‍റെ നിയമം അനുസരിക്കാൻ തയ്യാറല്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യം ഉണ്ടാക്കുവാനും ഓർത്തഡോക്സ് സഭ തയ്യാറല്ല. മുൻപ് അതിന് തയ്യാറായപ്പോൾ പലവിധത്തിലുള്ള പീഡനങ്ങളും ആക്ഷേപങ്ങളുമാണ് സഭ നേരിടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.