'മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല': കെ.മുരളീധരൻ
ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ.മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.മുരളീധരൻ. മുൻപും ലീഗിന് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ലെന്നും ഇ.ഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ലെന്നും അതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ, ഒരു ഭയവുമില്ല. കരുവന്നൂരിലെ ഇ.ഡി അന്വേഷണം പരമാവധി എ സി മൊയ്‌തീൻ വരെ എത്തും. അതിന് മുൻപ് അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂർ മുതലെടുത്ത് തൃശൂർ സീറ്റ് പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും ബി.ജെ.പി ക്ക് കെട്ടിവെച്ച പണം കിട്ടുമോയെന്ന് നോക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.