സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പേര് വെട്ടാൻ ഇടപെടലുണ്ടായി: ടോമിൻ ജെ.തച്ചങ്കരി

വ്യാജ സിഡി കേസില്‍ പരാതിക്കാരൻ ഇല്ലാതെയാണ് ഋഷിരാജ് സിംങ് കേസ് എടുത്തതെന്നും ടോമിൻ തച്ചങ്കരി മീഡിയവണിനോട് പറഞ്ഞു.

Update: 2023-07-31 02:51 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനപൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്റെ പേര് വെട്ടിയതിൽ ചില ഇടപെടലുകൾ ഉണ്ടായെന്ന് ഡിജിപി ടോമിൻ ജെ. തച്ചങ്കരി. കേരള സർക്കാർ നൽകിയ പട്ടികയിൽ നിന്ന് തന്റെ പേര് വെട്ടിയത് ഡൽഹിയിൽ നിന്നാണെന്നും തച്ചങ്കരി മീഡിയവണിനോട് പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കാനിരിക്കെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പരാമർശം.   

തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്‍ പൊലീസ് മേധാവിയായപ്പോള്‍ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും തച്ചങ്കരി വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കിൽ വിട്ട് പോകുമെന്ന പ്രചരണം ഉണ്ടാകുന്നതിനാലാണ് ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. 

വ്യാജ സിഡി കേസില്‍ പരാതിക്കാരൻ ഇല്ലാതെയാണ് ഋഷിരാജ് സിംങ് കേസ് എടുത്തതെന്നും ടോമിൻ തച്ചങ്കരി ആരോപിച്ചു. 500 ഓളം കേസ് എടുത്തെങ്കിലും ഒന്നിൽ പോലും പരാതിക്കാരൻ ഇല്ലായിരുന്നു. തന്റെ സ‍ര്‍വീസിൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണിതെന്നും തച്ചങ്കരി പറഞ്ഞു. 

അതേസമയം, തൊഴിലാളി സംഘടനകളാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയുടെ പ്രധാനകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനും മാനേജ്മെന്‍റിനും കഴിയണം. കെ.എസ്.ആർ.ടി.സിയില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾക്കിടെ 2019ലാണ് ടോമിൻ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയത്. 

ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കൊപ്പം നിയമ സെക്രട്ടറി വി.ഹരി നായർ, മുഖ്യ വനംമേധാവി ബെന്നിച്ചന്‍ തോമസ് എന്നിവരാണ് ഇന്ന് വിരമിക്കുന്നത്. വൈകിട്ട് നാലുമണിക്ക് പൊലീസ് ആസ്ഥാനത്താണ് ടോമിന്‍ ജെ. തച്ചങ്കരിക്കുള്ള ഔദ്യോഗിക യാത്രയയപ്പ്. 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് ടോമിന്‍ ജെ. തച്ചങ്കരി. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡി.ജി.പി ആയി. 

1989ലാണ് വി. ഹരി അഭിഭാഷക വൃത്തിയിൽ പ്രവേശിക്കുന്നത്. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വഴി വനംവകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ശേഷമാണ് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഇന്ന് വിരമിക്കുന്നത്. 

Full View

 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News