മൂന്നാം ലോകകേരള സഭയ്ക്ക് തുടക്കം; ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി എത്തിയില്ല
ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാതിരുന്നത്
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി രാജീവ് വായിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. പ്രവാസികൾക്കുള്ള അംഗീകരമാണ് ലോക കേരള സഭയെന്നും അവർക്ക് ഇടതുപക്ഷ സർക്കാർ വലിയ പിന്തുണ നൽകുന്നുവെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധിയിൽ പ്രവാസികൾ കേരളത്തിന് കൈത്താങ്ങായെന്ന് ചൂണ്ടിക്കാട്ടി.
ലോക കേരള സഭയുടെ പൊതുസമ്മേളനം ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അതേസമയം, സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾ ലോക കേരള സഭയിൽ പങ്കെടുക്കുന്നില്ല. ഈ സമയത്ത് ഇത്രയും പണം മുടക്കി പരിപാടി നടത്തുന്നതിനെ പ്രതിപക്ഷം വിമർശിച്ചു.
ലോക കേരള സഭക്കെതിരായ നിർഭാഗ്യകരമായ പ്രചരണം അവസാനിപ്പിക്കണമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. പ്രവാസികൾ അതിഥികളാണെന്നും അവരെ അപമാനിക്കരുതെന്നും സ്പീക്കർ ഓർമിപ്പിച്ചു.